കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന പരാതി. പുത്തൻതുറ സ്വദേശിനിയായ യുവതിയാണ് ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. പ്രഷർ കുക്കർ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് മർദ്ദിച്ചുവെന്നും യുവതി ആരോപിക്കുന്നു. വിദേശത്ത് വെച്ചാണ് മർദ്ദനമേറ്റതെന്നും യുവതി പറയുന്നു.
രണ്ട് മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നാണ് യുവതിയുടെ പിതാവിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ജീവൻ രക്ഷപ്പെട്ടത് വലിയ ഭാഗ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി പിതാവ് വ്യക്തമാക്കി.
ഭർത്താവിന് സംശയ രോഗമാണെന്നും ബെൽറ്റ്, ഇടികല്ല്, കുക്കർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചെന്നും യുവതി പറഞ്ഞു. കരഞ്ഞ് കാൽപിടിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്നും യുവതി ആരോപിച്ചു. തന്നെ മർദ്ദിച്ച ശേഷം ഭർത്താവ് വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ പറയുമായിരുന്നുവെന്നും യുവതി പറയുന്നു.
ഫോണും ലാപ്‌ടോപ്പും ഭർത്താവ് വാങ്ങിവെച്ചതായും യുവതി ആരോപിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് വീട്ടുകാരാണ് എടുത്തത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം കരയോഗത്തിലേക്കാണ് കൊണ്ടുപോയതെന്നും, കരയോഗം ഭർതൃവീട്ടുകാർക്ക് പിന്തുണ നൽകുകയാണെന്നും യുവതി ആരോപിച്ചു. ഫോണും മറ്റ് സാധനങ്ങളും കരയോഗത്തിൽ പിടിച്ചുവെച്ചിരിക്കുകയാണെന്നും യുവതി പറയുന്നു.
കയ്യിലെ മുറിവ് കണ്ടതോടെയാണ് വീട്ടുകാർക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായതെന്നും യുവതി പറഞ്ഞു. ഭീഷണിപ്പെടുത്തി മോശം ഓഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ചതായും, തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും യുവതി ആരോപിക്കുന്നു. മർദ്ദിച്ച ശേഷം മുറിവുകളുടെ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറഞ്ഞു.
സംഭവത്തിൽ സർക്കാർ ഗൗരവമായി ഇടപെടുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




