ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് നൽകിയതെന്നാണ് പരാതി.
കുഞ്ഞിന് മരുന്ന് നൽകുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നാണ് കുടുംബം പറയുന്നത്. 2024 ജൂണിൽ നിർമ്മിച്ചതും രണ്ട് വർഷം കാലാവധിയുണ്ടായിരുന്നതുമായ ഓയിന്റ്മെന്റാണ് നൽകിയതെന്നും, ഉപയോഗിക്കുമ്പോഴേക്കും കാലാവധി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിരുന്നതായും കുടുംബം പറയുന്നു.
ജലദോഷവും കഴുത്തിലെ അലർജിയുമായാണ് 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്നമില്ലെന്നും ഒരു ഓയിന്റ്മെന്റ് പുരട്ടിയാൽ മതിയെന്നും നിർദ്ദേശിക്കുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് മരുന്ന് ലഭിച്ചത്. വീട്ടിലെത്തി മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തിൽ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് തേടി. എന്നാൽ ഈ മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
അതേസമയം, ഫാർമസിയിൽ ഇല്ലെന്ന് ജീവനക്കാർ പറയുന്ന മരുന്ന് നൽകിയതായി ടിക്ക് മാർക്ക് കുറിപ്പടിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഓയിന്റ്മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം പറയുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ കോളേജ് ഫാർമസിയിൽ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി വ്യക്തത വരേണ്ടത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അന്വേഷണം തുടരുകയാണ്.




