രാഷ്ട്രീയ കേരളത്തിൽ നിന്നുള്ള പ്രധാന വാർത്തകൾ. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത തിമിർത്താടിയെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. മതം നോക്കി വോട്ട് ചെയ്യാൻ മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പരസ്യപ്രചാരണം നടത്തിയെന്നും, പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് വിജയിച്ചത് ബി.ജെ.പിയുടെ താമരത്താങ്ങിലാണെന്നും കെ.കെ രാഗേഷ് ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയിലും കടുത്ത വിമർശനമുയർന്നു.
കല്യാശേരിയിൽ നടന്ന ഇ.കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് കെ.കെ രാഗേഷ് യു.ഡി.എഫിനും വർഗീയ സംഘടനകൾക്കുമെതിരെ കടുത്ത വിമർശനം ഉയർത്തിയത്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ വിനാശകരമായ രീതിയിൽ വർഗീയ ഇടപെടൽ നടന്നു. മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്ന് ചില സംഘടനകൾ പരസ്യമായി പ്രചരിപ്പിച്ചു. വിവിധ ഇടങ്ങളിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബോധപൂർവ്വം ‘സ്ട്രാറ്റജിക് വോട്ടിങ്’ നടന്നതായും രാഗേഷ് ആരോപിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് ലഭിച്ച പതിനായിരത്തോളം വോട്ടുകൾ ഇത്തവണ കാണാനില്ലെന്നും, ആ വോട്ടുകളെല്ലാം പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പോക്കറ്റിലേക്കാണ് പോയതെന്നും കെ.കെ രാഗേഷ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് അവിടെ ജയിച്ചത് ബി.ജെ.പി വോട്ട് മറിച്ചതുകൊണ്ടാണ്. തോൽവിയുടെ യഥാർത്ഥ കാരണം മറച്ചുവെക്കാൻ പലരും പല വ്യാജക്കഥകളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് തിരിച്ചടിയെ ചൊല്ലി സി.പി.എമ്മിനുള്ളിൽ ആഭ്യന്തര വിമർശനവും ശക്തമാകുകയാണ്. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ അംഗങ്ങൾ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ പാർട്ടിയോട് ആഭിമുഖ്യമുള്ള നിഷ്പക്ഷ വോട്ടർമാരെപ്പോലും ശത്രുപക്ഷത്താക്കാൻ ഇടയാക്കിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ തള്ളിപ്പറയാൻ പാർട്ടി നേതൃത്വം തയ്യാറാകാതിരുന്നതും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.




