കൊച്ചി പനങ്ങാട് പ്രദേശത്ത് കുട്ടിക്കള്ളന്മാരുടെ മോഷണ പരമ്പര വ്യാപാരികൾക്ക് തലവേദനയാകുന്നു. പെട്ടിക്കടകളും ബേക്കറികളും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് മോഷണമെന്ന് പരാതി. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്.
പകൽ സമയങ്ങളിൽ ആളൊഴിഞ്ഞ സമയം നോക്കി കടകളിൽ കയറി മോഷണം നടത്തുന്നതാണ് കുട്ടികളുടെ സംഘമെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂളിൽ പോകാതെ പ്രദേശത്ത് കറങ്ങി നടക്കുന്ന കുട്ടികളാണ് മോഷണത്തിന് പിന്നിലെന്നാണ് ആരോപണം.
സിഗരറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത കടകളിൽ നിന്ന് സിഗരറ്റുകൾ മോഷ്ടിക്കുന്നതും പിന്നീട് അവ മറ്റ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതുമാണ് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ചേപ്പനത്തെ ഒരു പെട്ടിക്കടയിൽ നിന്ന് ഏകദേശം മൂവായിരം രൂപ വിലവരുന്ന സിഗരറ്റുകൾ നഷ്ടമായതായും വ്യാപാരികൾ പറയുന്നു.
എൻഎം ജംഗ്ഷനിലെ ഒരു ബേക്കറിയിൽ നിന്നും പണം കവർന്നതായും പരാതി ഉയർന്നിട്ടുണ്ട്. കടയിൽ സൂക്ഷിച്ചിരുന്ന പണത്തിൽ തുടർച്ചയായി കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടികളാണ് മോഷണത്തിന് പിന്നിലെന്ന് ഉടമ തിരിച്ചറിഞ്ഞത്.
ചേപ്പനത്തെ മത്സ്യബന്ധന ഉപകരണ നിർമാണശാലയിൽ നിന്ന് സാമഗ്രികൾ മോഷ്ടിക്കാൻ ശ്രമിച്ച കുട്ടികളെ കടയുടമ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
സംഭവങ്ങൾ കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ചില വ്യാപാരികൾ പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടികളായതിനാൽ നടപടികൾ പരിമിതമായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കുട്ടികളെ നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പരാതികളിൽ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ വ്യാപാരി സംഘടന രംഗത്തെത്തിയിട്ടുണ്ട്.
മോഷണ പരമ്പര തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പൊലീസ്, രക്ഷിതാക്കൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




