തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബു (22)വിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്റെ അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കൈകളിൽ മുപ്പതോളം സ്റ്റാപ്ലർ പിന്നുകൾ കുത്തിക്കയറ്റുകയും ചെയ്തതായാണ് പരാതി.
സംഭവത്തിനുശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. എറണാകുളത്തുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




