തൃശ്ശൂർ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽനിന്ന് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുഴിങ്ങര പൊന്തയിൽ സുബി എന്ന അബുക്ക (32) ആണ് പിടിയിലായത്. ഞായറാഴ്ച ബെംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റ്.
കഴിഞ്ഞ ജൂലൈ എട്ടിന് ആൽത്തറയിലെ ദേവാസുര ബാറിന് മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് സുബി. സംഭവത്തിനുശേഷം ചെന്നൈയിലും ബെംഗളൂരുവിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെ നിർദേശപ്രകാരം ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് പൊലീസ് വേഷംമാറിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ 25 ഓളം ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് വടക്കേക്കാട് എസ്എച്ച്ഒ ശരത് സോമൻ അറിയിച്ചു.




