കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ ഐബക് ബിൻ ഷാഹുൽ. ഒന്നു മുതൽ പത്ത് വരെയുള്ള ഗുണനപ്പട്ടികകൾ വെറും 45 സെക്കൻഡിനുള്ളിൽ പറഞ്ഞുതീർക്കും ഈ മിടുക്കൻ.
195 രാജ്യങ്ങളുടെ പേരുകൾ പറയുന്നതിനൊപ്പം അവയുടെ പതാകകൾ തിരിച്ചറിയാനും ഐബക്കിന് വേണ്ടത് രണ്ടര മിനിറ്റ് മാത്രം. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളും ഐബക്കിന്റെ വിരൽത്തുമ്പിലുണ്ട്.
കേരളത്തിലെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പുകൾ ചോദിച്ചാലും നിമിഷങ്ങൾക്കകം ഉത്തരം നൽകും. ഷാഹുൽ-ഷബീബ ദമ്പതികളുടെ മൂത്ത മകനാണ് ഐബക്.
മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ഏതാനും രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞുതുടങ്ങിയതോടെയാണ് മാതാപിതാക്കൾ മകന്റെ കഴിവ് ശ്രദ്ധിക്കുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ ഒരുതവണ കേട്ടാൽ തന്നെ കൃത്യമായി ഓർത്തുവയ്ക്കാൻ ഐബക്കിന് കഴിയുമെന്ന് മാതാപിതാക്കൾ പറയുന്നു.
പഠനത്തോടൊപ്പം അറിവിനോടുള്ള താൽപര്യവും വളർത്തുകയാണ് ഈ കൊച്ചുമിടുക്കൻ. വലുതാകുമ്പോൾ ശാസ്ത്രജ്ഞനാകണമെന്നാണ് ഐബക്കിന്റെ ആഗ്രഹം.
മർകസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഐബക്, പ്രായത്തെ വെല്ലുന്ന ഓർമശക്തിയിലൂടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.




