അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കെതിരായ വിലക്കും തടയലും വീണ്ടും വിവാദമാകുന്നു. പ്രമുഖ റിസോർട്ടിൽ നിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യാനെത്തിയ ഊബർ ഡ്രൈവറെ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും ടൂറിസം മേഖലയെയും ബാധിക്കുന്ന ഈ വിഷയത്തിൽ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെട്ട് പരാതികളും ശക്തമാകുകയാണ്.
കോവളത്തെ പ്രമുഖ റിസോർട്ടിൽ നിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യാനെത്തിയ ഊബർ ഡ്രൈവറെ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞ സംഭവമാണ് വീണ്ടും ചർച്ചയാകുന്നത്.
ഡ്രൈവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ, പ്രദേശത്ത് നിന്ന് ട്രിപ്പ് എടുക്കാൻ അനുവദിക്കില്ലെന്ന് ചില ടാക്സി ഡ്രൈവർമാർ പറയുന്നതായി കാണാം.
“ട്രിപ്പ് എടുക്കാനെത്തിയപ്പോൾ പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞു. അവസാനം ട്രിപ്പ് ക്യാൻസൽ ചെയ്യേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ കോവളത്ത് പതിവായി നടക്കാറുണ്ട്.”
ഓൺലൈൻ ടാക്സി ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും സമാന പരാതികൾ നിരന്തരം ഉയരുന്നുണ്ടെന്നാണ് ആരോപണം. ചില സന്ദർഭങ്ങളിൽ മോശം പെരുമാറ്റവും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡ്രൈവർമാർ പറയുന്നു
അതേസമയം, ഏറ്റവും പുതിയ സംഭവത്തിൽ തടഞ്ഞ ഡ്രൈവർമാർ കാര്യം പറഞ്ഞ് വാഹനം തിരിച്ചുവിടുകയായിരുന്നുവെന്നും മോശമായി പെരുമാറിയില്ലെന്നും വീഡിയോ പുറത്തുവിട്ട ഡ്രൈവർ വ്യക്തമാക്കുന്നു.
കോവളം പോലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഓൺലൈൻ ക്യാബുകൾക്ക് തടസ്സം സൃഷ്ടിക്കുന്നത് യാത്രക്കാരുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ഇത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകാമെന്നുമാണ് ആശങ്ക.
പ്രദേശത്തെ സാഹചര്യം അറിയാതെ എത്തുന്ന ഡ്രൈവർമാർക്കും യാത്രക്കാർക്കും പലപ്പോഴും ഭീഷണിയും കയ്യേറ്റശ്രമങ്ങളും നേരിടേണ്ടി വരുന്നതായും പരാതിയുണ്ട്.
ഓൺലൈൻ ടാക്സി സർവീസുകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം.
ഇതിനിടെ, കോവളത്ത് ട്രിപ്പെടുക്കാൻ എത്തിയ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ മർദിച്ച കേസിൽ കഴിഞ്ഞ മാസം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓൺലൈൻ ടാക്സി സേവനങ്ങളും പ്രാദേശിക ടാക്സി തൊഴിലാളികളും തമ്മിലുള്ള തർക്കം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കാൻ അധികൃതർ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്നത് ശ്രദ്ധേയമാകും.




