കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണം 40 കോടി രൂപ പിന്നിട്ടു. ഇനി കണ്ടെത്തേണ്ടത് 10 കോടി രൂപ കൂടി. ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി തുക സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
കല്ലുരുട്ടി സ്വദേശികളായ അരുണിന്റെയും ഷാൽമിയുടെയും മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുട്ടികൾക്കാണ് അപൂർവ ജനിതക രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്.
ഒരു മാസത്തിലേറെയായി തുടരുന്ന ജനകീയ ധനസമാഹരണത്തിലൂടെയാണ് ഇതുവരെ 40 കോടി രൂപ കണ്ടെത്തിയത്. രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി ചികിത്സ ലഭ്യമാക്കിയാൽ കുട്ടികളുടെ ജീവിതത്തിന് പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലികളിലൂടെ കുടുംബം പുലർത്തുന്ന അരുണിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക അസാധ്യമാണ്. നിലവിൽ വലിയ ചെലവിൽ തുള്ളിമരുന്നുകൾ നൽകിയാണ് കുട്ടികളുടെ ആരോഗ്യനില മോശമാകാതെ നിലനിർത്തുന്നത്.
മൂന്ന് കുരുന്നുകളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ഈ പോരാട്ടം ഇന്ന് ഒരു നാടിന്റെ മാത്രം ദൗത്യമല്ല, കേരളം ഒന്നാകെ ഏറ്റെടുത്ത അതിജീവനത്തിന്റെ പോരാട്ടമാണ്. ശേഷിക്കുന്ന 10 കോടി രൂപയും ജനങ്ങളുടെ കൂട്ടായ പിന്തുണയിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ചികിത്സാ സഹായത്തിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
- അക്കൗണ്ട് പേര്: ARUN P D
- അക്കൗണ്ട് നമ്പർ: 21360100162505
- ബാങ്ക്: ഫെഡറൽ ബാങ്ക്




