തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെയും സൂപ്രണ്ടുമാരെ മാറ്റി ആരോഗ്യവകുപ്പ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോ. വിനീത് വി.എന്നിനെയും പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ഡോ. ലിപ്സി പോളിനെയും പുതിയ സൂപ്രണ്ടുമാരായി നിയമിച്ചു. സ്ഥലംമാറ്റം ഭരണസൗകര്യാർഥമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ടായി ഡോ. പ്യാരിയെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. തമിഴ്നാട്ടിലെ വിളവങ്കോട് എം.എൽ.എ ടി.ടി. പ്രവീണിന്റെ സഹോദരിയാണ് ഡോ. പ്യാരി. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഇവരെ നിയമന മാനദണ്ഡങ്ങൾ മറികടന്ന് സ്വന്തം നാട്ടിൽ നിയമിച്ചെന്നായിരുന്നു ആരോപണം. നിയമനത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും പുതിയ സൂപ്രണ്ടുമാരെ നിയമിച്ചിരിക്കുന്നത്.




