തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സി.പി.ഐ.എം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. കേസിൽ നാളെ ശിക്ഷ വിധിക്കും.
ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി. 2008 ഒക്ടോബർ 17ന് രാവിലെ കോട്ടമുകളിലെ ഫ്രൂട്ട്സ് കടയ്ക്കുള്ളിൽവെച്ചാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സി.പി.ഐ.എം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണു കൊലക്കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്. വിഷ്ണുവിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് രഞ്ജിത്തിന്റെ കൊലപാതകത്തിന് കാരണമെന്നാണ് കേസ്.
സി.പി.ഐ.എം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പെടെ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതി നിരവധി കൊലക്കേസുകളിൽ പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാറാണ്. രണ്ടാം പ്രതിയായ പാൽകുളങ്ങര സ്വദേശി നാരായണൻകുട്ടിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി നാളെ വിധിക്കും.




