തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത് 5.63 കോടി രൂപ. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണച്ചെലവ് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ രേഖയിലെ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ടൂറിസം വകുപ്പിന്റെ ചെലവുകൾ മാത്രമാണ് ക്ലിഫ് ഹൗസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മറുപടിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കസേരകളുടെ കുഷ്യൻ മാറ്റാൻ നാല് ലക്ഷം രൂപയും കർട്ടനുകൾ മാറ്റാൻ ഒന്നര ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.
മന്ത്രി മന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് അനൂപ് ജേക്കബ് താമസിക്കുന്ന മൻമോഹൻ ബംഗ്ലാവിലാണ്. 81 ലക്ഷം രൂപയാണ് ഇവിടെ നവീകരണത്തിനായി ചെലവിട്ടത്. എം. ലിജുവിന്റെ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ പമ്പ ബംഗ്ലാവിന് 31 ലക്ഷം രൂപയും ചെലവഴിച്ചു.
എൻ. ഷംസുദ്ദീൻ താമസിക്കുന്ന നെസ്റ്റ് ബംഗ്ലാവിന് 40.66 ലക്ഷം രൂപയും പി.കെ. ബഷീറിന്റെ ഉഷസിന് 40.03 ലക്ഷം രൂപയും കെ.എം. ഷാജിയുടെ പൗർണമിക്ക് 40.81 ലക്ഷം രൂപയുമാണ് നവീകരണച്ചെലവ്.
ക്ലിഫ് ഹൗസിന്റെ നവീകരണത്തിനായി എത്ര തുക ചെലവഴിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാത്തത് വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത് വിവാദമായിരുന്നു. പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉത്തരവ് അടിയന്തരമായി റദ്ദാക്കിയിരുന്നു.
മന്ത്രിമന്ദിരങ്ങളുടെ നവീകരണച്ചെലവുകൾ പുറത്തുവന്നതോടെ ക്ലിഫ് ഹൗസിന്റെ യഥാർഥ നവീകരണച്ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും ശക്തമാകുകയാണ്.




