എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല. അപകടത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് പ്രായത്തിന്റെ പരിഗണന നൽകേണ്ടതില്ലെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അന്വേഷണത്തിന്റെ ദിശ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. അപകടത്തെ ന്യായീകരിക്കുന്നില്ലെന്നും സത്യസന്ധമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
അപകടത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. പൊലീസിന്റെ നടപടികളിൽ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി. അതേസമയം, മരിച്ച പെൺകുട്ടികൾക്കെതിരായ വർഗീയ പരാമർശങ്ങളെ സഭ ഒന്നടങ്കം അപലപിച്ചതായി സ്പീക്കർ അറിയിച്ചു.




