പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമിയാണ് പന്തളം പൊലീസിന്റെ പിടിയിലായത്.
കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത പര്യടനം നടത്തുന്ന സന്യാസി സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ യാത്രയുടെ ഭാഗമായി എത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായ ഗുരുസ്വാമി.
പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായാണ് ഗുരുസ്വാമി കടയിൽ എത്തിയതെന്നാണ് വിവരം.
ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിലാണ് സന്യാസി സംഘം ഭാരത പര്യടനം നടത്തുന്നത്. സംഭവത്തിൽ പന്തളം പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.




