പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനിയും പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർഥിനിയുമായ ജോസ്‌ന ജോർജാണ് മരിച്ചത്.
വിനോദയാത്രയ്ക്കായി പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസിന്റെ സൈഡ് സീറ്റിലിരുന്ന ജോസ്‌ന അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസ് മറിഞ്ഞ് വിദ്യാർഥിനിയുടെ ശരീരത്തിലേക്ക് വീണു.
ബസിനടിയിൽ കുടുങ്ങിയ ജോസ്‌നയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മൃതദേഹം പുറത്തെടുക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം.
സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ മറ്റ് ചില മലയാളി വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്.




