ലഖ്നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. സിആർപിഎഫ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ്, യുപി പൊലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്.
ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയായ 24 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. അമ്രോഹ ജില്ലയിലെ ഒരു ഫാം ഹൗസിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഫാം ഹൗസ് ഉത്തരാഖണ്ഡിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഉമേഷ് കുമാറിന്റേതാണെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവം നടക്കുമ്പോൾ താൻ ഫാം ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് എംഎൽഎയുടെ പ്രതികരണം.
സെപ്റ്റംബർ 21ന് ഹരിയാനയിലെ സോണിപത്തിൽവെച്ച് യുവതി മോഹിത്തിനെ കണ്ടുമുട്ടി. ആരാധനാലയങ്ങൾ സന്ദർശിക്കാമെന്ന് പറഞ്ഞ് മോഹിത് യുവതിയെ മീററ്റിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് മോഹിത്തിനൊപ്പം സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവും ചേർന്നു.
സെപ്റ്റംബർ 22ന് വൈകുന്നേരം ഇരുവരും യുവതിയെ കാറിൽ ഹസൻപൂരിലേക്ക് കൊണ്ടുപോയി. വഴിയിൽ യുപി പൊലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് തോമറും കാറിൽ കയറി. തുടർന്ന് അത്രാസി-ഹസൻപൂർ റോഡിലെ ഫാം ഹൗസിലേക്ക് യുവതിയെ കൊണ്ടുപോയി രണ്ട് മുറികൾ വാടകയ്ക്കെടുത്തെന്നാണ് പരാതിയിലുള്ളത്.
പൊലീസ് ഹെഡ് കോൺസ്റ്റബിൾ പ്രമോദാണ് സംഘത്തിന് ഭക്ഷണവും മദ്യവും എത്തിച്ചതെന്നും പരാതിയിൽ പറയുന്നു. പിന്നീട് മോഹിത്, യാദവ്, തോമർ എന്നിവർ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പ്രമോദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഇയാളെ തള്ളിമാറ്റി മുറിയുടെ വാതിൽ പൂട്ടിയ യുവതി പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഹസൻപൂർ, രാജബ്പൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. നാല് പേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സർക്കാരിനെ വിമർശിച്ചു. കുറ്റകൃത്യങ്ങളിൽ അധിഷ്ഠിതമായ ഭരണം നടക്കുമ്പോൾ പൊലീസ് സേനയും അഴിമതിയുടെ പിടിയിലാകുമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.




