ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. സ്വരൂപ് നഗറിലാണ് സംഭവം. അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിലൊരാൾ 17കാരനും പെൺകുട്ടിയുടെ സുഹൃത്തുമാണ്.
വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ കാണാൻ പോയ പെൺകുട്ടിയെ 17കാരൻ ആദ്യം ലൈംഗികമായി ആക്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം പുറത്തുപറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൂട്ടമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ കുശക് റോഡിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നതിനാൽ ആദ്യം ആളെ കണ്ടെത്തുന്നതും പൊലീസിന് വെല്ലുവിളിയായി. പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി വ്യക്തമായത്. ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആർ. ലോകേശ്വരന്റെയും എ.സി.പി രവീന്ദർ അഹൽവാട്ടിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രദേശത്തെ അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ടെമ്പോയിൽ എത്തിയ സംഘമാണ് മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ലെങ്കിലും ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ 17കാരനായ മകനാണ് വാഹനം ഉപയോഗിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളിലേക്കും പൊലീസ് എത്തിയത്.
കേസിൽ 19കാരനായ ശിവം ഗണേഷും 17, 16 വയസുള്ള മൂന്ന് പേരുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതികൾ സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സ്‌കൂൾ പഠനം ഉപേക്ഷിച്ച പെൺകുട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സ്വരൂപ് നഗറിൽ എത്തിയത്. ജോലി കണ്ടെത്തുന്നതിനായി മാതാപിതാക്കളിൽ നിന്ന് മാറിത്താമസിക്കുകയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് അറിയിച്ചു.




