തിരുവനന്തപുരം: കേരളം ഒഴികെയുള്ള കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂർണമായി ആലപിച്ചു. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് മുഴുവൻ വന്ദേമാതരം ആലപിച്ചത്.
കർണാടകയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം പൂർണമായി ആലപിച്ചത്. അതേസമയം കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കി. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്. ഇതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചടങ്ങിൽ ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു.
വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെയാണ് എഐസിസിയിലെ സംഭവം ചർച്ചയായത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. സംഭവം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രശ്നമില്ലെന്നും പാർലമെന്റിൽ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും ജയ്റാം രമേശ് വ്യക്തമാക്കി. എഐസിസി ചടങ്ങിനിടെ സോണിയ ഗാന്ധി കൈ കാണിച്ചത് വന്ദേമാതരം നിർത്താനല്ലെന്നും കസേര കൊണ്ടുവരാനാണെന്നുമാണ് ജയ്റാം രമേശിന്റെ വിശദീകരണം. കേരളത്തിലെ ചടങ്ങുകളിൽ വന്ദേമാതരം ഒഴിവാക്കിയതും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പൂർണമായി ആലപിച്ചതും എഐസിസിയിലെ സംഭവത്തിൽ നേതൃത്വം നൽകിയ വിശദീകരണവും ചേർന്ന് കോൺഗ്രസിന്റെ വന്ദേമാതരം നിലപാടിനെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ച കൂടുതൽ ശക്തമായിരിക്കുകയാണ്.




