തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്നതും വിമർശിക്കുന്നതുമായ വാർത്തകൾ സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയോട് വിവരം തേടി കേരള പൊലീസ്. സൈബർ പൊലീസ് മെറ്റയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി വി ഡി സതീശനെ പരാമർശിക്കുന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിലെ വാർത്തകളുമാണ് നീക്കം ചെയ്തതായി പറയുന്നത്. വാർത്തകൾ നീക്കം ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് അറിയുന്നതിനാണ് പൊലീസ് മെറ്റയോട് വിശദീകരണം തേടിയത്.
അതേസമയം, മാധ്യമവാർത്തകളുടെ സെൻസർഷിപ്പിനായി മെറ്റയിൽ ഇടപെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം. വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയെ സമീപിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാധ്യമ വിമർശനങ്ങളെ മെറ്റയെ ഉപയോഗിച്ച് തടയാനുള്ള സർക്കാർ നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ് വി ഡി സതീശൻ സർക്കാരെന്ന് പിണറായി വിജയൻ പറഞ്ഞു. വിമർശനങ്ങളോട് അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രി രാഷ്ട്രീയ ഭീരുവാണെന്ന് പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു.
സോഷ്യൽ മീഡിയയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുൻ മന്ത്രി പി. രാജീവും പ്രതികരിച്ചു. ബിജെപി ഇതര സർക്കാരിന് മെറ്റ വഴി വാർത്തകൾ നീക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് എ.എ. റഹീം എംപിയും ചോദിച്ചു. മെറ്റയ്ക്ക് പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് വി. ശിവദാസൻ എംപിയും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ പരാമർശിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്ത സംഭവത്തിൽ മെറ്റ നൽകുന്ന വിശദീകരണം നിർണായകമാകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




