കൊച്ചി: ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ബാറ്റിക് എയര്‍ വിമാനത്തില്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പിടിയിലായ പാലക്കാട് സ്വദേശി ജംഷീര്‍ മജിസ്ട്രേറ്റിന് മുന്നിലും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷയുടെ രേഖകള്‍ വലിച്ചുകീറി എറിഞ്ഞതോടെയാണ് സംഭവം. പൊലീസ് ഉടന്‍ ഇടപെട്ട് ഇയാളെ നിയന്ത്രണത്തിലാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബാറ്റിക് എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്. രാത്രി 9.30നും 11നും ഇടയില്‍ ജംഷീര്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഡോര്‍ ബലമായി വലിച്ചുതുറക്കാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികരും ക്യാബിന്‍ ക്രൂ അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു.
യാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനം സുരക്ഷിതമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ജംഷീറിനെ സിഐഎസ്എഫിന് കൈമാറുകയും തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.




