രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. അസമിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും മഴ ശക്തമായിരിക്കുകയാണ്.
രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു. അസമിൽ മാത്രം 95 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ധൻസിരി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. 1.6 ലക്ഷത്തിലധികം പേർ പ്രളയബാധിതരാണ്. 563 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ശക്തമായ മഴയെ തുടർന്ന് നൂറ് വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഉറക്കത്തിലായിരുന്നുവെന്നാണ് വിവരം.
ഉത്തരാഖണ്ഡിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ഭരണകൂടം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ വകുപ്പുകളും സജ്ജരാകണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി.
ഡൽഹിയിലും പുലർച്ചെ മുതൽ ശക്തമായ മഴ തുടരുകയാണ്. ഐ.ടി.ഒ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദേശീയ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




