തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷന് പിറകുവശത്തെ വിജനമായ സ്ഥലത്ത് പുരുഷന്റെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തെ ദുരൂഹതകൾ നീക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് സ്ഥലത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരാണ് മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടതും പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചതും. മിനിറ്റുകൾക്കകം അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.
നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുന്നു. സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ തിരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരുന്നു.




