തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മൃഗശാലയിൽ ഈ അപൂർവ ഇനത്തിൽപ്പെട്ട കരിങ്കുരങ്ങിന് കുഞ്ഞ് ജനിക്കുന്നത്.
15 വയസുള്ള രഞ്ജിനി എന്ന പെൺകരിങ്കുരങ്ങാണ് ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ. ഇതിന് മുമ്പ് 2014-ൽ ഇവർക്ക് സോന എന്ന പെൺകുഞ്ഞ് ജനിച്ചിരുന്നെങ്കിലും പിന്നീട് പ്രജനനം നടന്നിരുന്നില്ല.
പൊതുവേ പ്രജനനത്തിന്റെ കാര്യത്തിൽ ഏറെ സൂക്ഷ്മ സ്വഭാവമുള്ളതും, എളുപ്പത്തിൽ പ്രകോപിതരാകുന്നതുമായ ജീവിവർഗമാണ് നീലഗിരി ലങ്കൂർ. അതുകൊണ്ടുതന്നെ ഇവയുടെ പ്രജനനം മൃഗശാലകളിൽ വലിയ വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.
മൃഗശാല ക്യൂറേറ്റർ സംഗീത മോഹൻ, കീപ്പർ രഞ്ജിത്ത്, സൂപ്പർവൈസർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിചരണവും ഇണചേരലിന് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കിയതോടെയാണ് ഇത്തവണ ശ്രമം വിജയകരമായതെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, വംശനാശഭീഷണി നേരിടുന്ന ജീവിവർഗമായതിനാൽ ഈ ജനനം മൃഗസംരക്ഷണ രംഗത്ത് വലിയ നേട്ടമാണെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു. ലോകത്താകെ പതിനായിരത്തിൽ താഴെ മാത്രമാണ് നീലഗിരി ലങ്കൂറുകളുടെ എണ്ണം എന്നാണ് കണക്ക്.
മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചതായും, അമ്മയെയും കുഞ്ഞിനെയും പ്രത്യേകമായി സജ്ജമാക്കിയ നഴ്സറി കൂട്ടിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒരു മാസത്തിന് ശേഷം സന്ദർശകർക്ക് കാണാനാകുന്ന ഓപ്പൺ എൻക്ലോഷറിലേക്ക് ഇവരെ മാറ്റുമെന്ന് മൃഗശാല സൂപ്രണ്ട് അനിൽ കുമാർ അറിയിച്ചു.




