വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ, കള്ളാടി അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തുരങ്കപാത നിർമ്മാണത്തിനായി എടുത്ത മണ്ണ് കൃത്യമായി നീക്കം ചെയ്യാത്തതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്, അതുകൂടി പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമ്മാണത്തിനായി പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദേശങ്ങൾ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഇരട്ട അന്വേഷണത്തിലൂടെ പരിശോധിക്കും. അപകട സാധ്യതകൾ എന്തെല്ലാമാണെന്ന് പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
പിഎസ്‌സി അഭിമുഖ പരീക്ഷകളിൽ, ഉദ്യോഗാർത്ഥികളുടെ എഴുത്തുപരീക്ഷയിലെ മാർക്ക് മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള അവിഹിതമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും ഇതിന്മേൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നു എന്ന രീതിയിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അവിടെ യാതൊരുവിധ ഓഹരി കൈമാറ്റവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ എടുത്തുപറഞ്ഞു.




