കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരുമെന്ന് ഹൈക്കോടതി. പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരെയായിരുന്നു ഹർജി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമാണെന്നും സാമ്പത്തിക ആഘാതം വിലയിരുത്താതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചതിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഹർജിയിൽ അന്തിമ വാദം കേട്ടശേഷം വിധി പറയാൻ മാറ്റിവെച്ചിരുന്ന കേസ് ഇന്ന് പരിഗണിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ശാസ്ത്രീയ പഠനമോ പൊതുജനാഭിപ്രായ രൂപീകരണമോ ഉണ്ടായിട്ടില്ലെന്നും പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിന് ഉണ്ടാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നതുവരെ പദ്ധതി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാതെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരുമെന്നത് ഉറപ്പായി.
ഹൈക്കോടതി വിധിയോടെ സംസ്ഥാന സർക്കാരിന്റെ പ്രധാന ക്ഷേമപദ്ധതികളിലൊന്നായ പ്രിയദർശിനി പദ്ധതിക്ക് നിയമപരമായ പിന്തുണ ലഭിച്ചിരിക്കുകയാണ്.




