മലപ്പുറം: വള്ളുവമ്പ്രത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരിച്ചു. സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി സ്വദേശി ഷിബിൽ റഹ്മാൻ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി ഏഴുമണിയോടെ വള്ളുവമ്പ്രം മുസ്ലിയാർപീടികയിലായിരുന്നു അപകടം. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷിബിൽ റഹ്മാൻ (26) ആണ് മരിച്ചത്. സുഹൃത്ത് ആഷിഖിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളൂരിലെ സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷിബിൽ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായിരുന്നു ഷിബിൽ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.




