കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ സമരങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതി യുഡിഎഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി മാറ്റാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുഡിഎഫ് സർക്കാർ പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിക്കായി പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ തീരുമാനങ്ങളും റദ്ദാക്കി. കെ-റെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെയെടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈന് പകരം അതിവേഗ ഇടനാഴി, സ്പീഡ് കൊറിഡോർ എന്നിവ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു തീരുമാനം. 2026 ഓഗസ്റ്റ് 31-നകം കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് ചുമതലകൾ വിഭജിച്ചു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭയിലെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായതായും ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് ഔദ്യോഗിക വിജ്ഞാപനം വൈകുന്നതെന്നും സതീശൻ വ്യക്തമാക്കി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവൻ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഭവൻ നിർദ്ദേശപ്രകാരമാണ് വന്ദേമാതരം മുഴുവൻ പാടിയതെന്നും വേദിയിൽ വെച്ചാണ് താൻ ഇതേക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തിണ്ണനിരങ്ങൽ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പദവിയിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ പറ്റണമെന്നും എല്ലാവരുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന അധിക്ഷേപങ്ങളെ ശക്തമായി എതിർക്കുമെന്നും, ആര് വർഗ്ഗീയത പറഞ്ഞാലും വിട്ടുവീഴ്ചയില്ലാത്ത സെക്യുലർ നിലപാടായിരിക്കും സർക്കാരിന്റേതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പിച്ചു പറഞ്ഞു.




