കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് നിർണ്ണായക കൂടിക്കാഴ്ച നടക്കും. രാഹുൽ ഗാന്ധിയും ഖർഗെയും തമ്മിൽ വൈകിട്ട് 5.30-ന് നടത്തുന്ന ചർച്ചയിൽ പുതിയ മുഖ്യമന്ത്രിയുടെ പേരിൽ അന്തിമ തീരുമാനമുണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ രൂക്ഷമായി തുടരുകയാണ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്നതാണ് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇതിനിടെ അടിയന്തരമായി കേരളത്തിലേക്ക് പുറപ്പെട്ടു.
ഡൽഹിയിൽ നിന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് വരുന്നുണ്ട്. വൈകിട്ട് ആറരയോടെ സംഘം തിരുവനന്തപുരത്തെത്തും. ദീപ ദാസ് മുൻഷിയുടെ കേരള സന്ദർശനത്തിന് പിന്നിൽ ഹൈക്കമാൻഡിന്റെ കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃത്വവുമായി അവർ ചർച്ച നടത്തിയേക്കും.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഓരോ ഗ്രൂപ്പുകളും ശക്തമായ സമ്മർദ്ദം തുടരുമ്പോൾ, ഹൈക്കമാൻഡ് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ യുഡിഎഫ് അണികൾ. ഡൽഹിയിൽ നിന്നുള്ള പച്ചക്കൊടി ലഭിച്ചാലുടൻ തിരുവനന്തപുരത്ത് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.




