കൽപ്പറ്റ: 1988-ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ വയോധികന് 13 വർഷം തടവും പിഴയും. കൊല്ലം പള്ളിമുക്ക് തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദ് (76) നെയാണ് കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്.
16,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം.
1988 ജനുവരി എട്ടിന് പുലർച്ചെയാണ് ആറംഗ സംഘം അംബാസഡർ കാറിലെത്തി നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ കവർച്ച നടത്തിയത്. വാതിലുകളുടെ പൂട്ടുകൾ തകർത്ത സംഘം ബാങ്കിനുള്ളിലെ സെയ്ഫും ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 5,544 രൂപയും കവർന്നു.
ശബ്ദം കേട്ട് എത്തിയ രണ്ടുപേരെ കട്ടപ്പാര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു.
കേസിൽ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവർ നേരത്തെ പിടിയിലാവുകയും 1993-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017-ൽ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് ഇയാളെയും ശിക്ഷിച്ചു.
വർഷങ്ങളായി ഒളിവിലായിരുന്ന അബ്ദുൽ സമദിനെ 2024 ഒക്ടോബറിലാണ് പൊലീസ് പിടികൂടിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നേരിട്ടത്.
കേസിൽ 40-ഓളം സാക്ഷികളെ വിസ്തരിച്ചു. 166 രേഖകൾ തെളിവായി ഹാജരാക്കി. മഹസ്സർ പ്രകാരം 21 വസ്തുവകകളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ജി. ജെയിംസ് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് ഡി.ഐ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.




