കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ യാത്ര. നാലുപേർക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പെൺകുട്ടിക്ക് മാത്രം ടിക്കറ്റ് നൽകിയില്ലെന്നാണ് ആരോപണം.
ടിക്കറ്റ് ചാർജ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തപ്പോൾ, “നിന്നെ കണ്ടാൽ പെണ്ണായി തോന്നുന്നില്ല” എന്ന് പറഞ്ഞ് കണ്ടക്ടർ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ചില യാത്രക്കാരും കണ്ടക്ടർക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പരിഹസിച്ചെന്നും പരാതിയിലുണ്ട്. മുടി കുറവാണെന്നതടക്കമുള്ള പരാമർശങ്ങൾ നടത്തിയെന്നും പെൺകുട്ടി ആരോപിക്കുന്നു.
അപമാനിതയായിട്ടും ബസിൽ തന്നെ യാത്ര തുടരേണ്ടിവന്നതായും പരാതിയിൽ പറയുന്നു. ബസിൽനിന്ന് ഇറങ്ങിയ ശേഷവും കണ്ടക്ടറുടെയും ചില യാത്രക്കാരുടെയും ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്നും വിദ്യാർഥിനി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പറവൂർ എസ്‌എച്ച്‌ഒയ്ക്കാണ് പരാതി നൽകിയത്. കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥിനിയുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




