കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള ബെവ്‌കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ബെവ്‌കോയുടെ നീക്കം സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആരോപിച്ചു.
മെട്രോ സ്റ്റേഷനുകളിൽ സെൽഫ് വെൻഡിംഗ് മെഷീനുകൾക്ക് തുടക്കം കുറിക്കുന്നത് പിന്നീട് മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കുന്നതിന് ഇടയാക്കുമെന്നാണ് സമിതിയുടെ വിമർശനം. ബെവ്‌കോയുടെ നീക്കത്തെ ‘ടെസ്റ്റ് ഡോസ്’ എന്നാണ് കെസിബിസി വിശേഷിപ്പിച്ചത്. മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സർക്കാരിന്റെ നയമെന്നും പുതിയ മാർഗങ്ങളിലൂടെ മദ്യവിൽപ്പന വ്യാപിപ്പിക്കരുതെന്നും സമിതി ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും മദ്യപർക്കും നിയന്ത്രണമുണ്ടെന്ന വാദം ഉയർത്തിയാണ് കെസിബിസി വിഷയത്തിൽ റെയിൽവേയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. യാത്രക്കാരെ ലക്ഷ്യമിട്ട് മദ്യവിൽപ്പന നടത്താനുള്ള നീക്കമാണോ ഇതെന്ന് വ്യക്തമാക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
ഒരു വശത്ത് സർക്കാർ പൊതുജനാഭിപ്രായവും വിവിധ സംഘടനകളുടെ അഭിപ്രായങ്ങളും തേടുകയും മറുവശത്ത് മദ്യം വിൽക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തേടുകയും ചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സമിതി പറഞ്ഞു.പുതിയ മദ്യത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട് അബ്കാരി ചട്ടങ്ങൾ മറികടന്ന് പരസ്യം നൽകി മത്സരം സംഘടിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ട കാര്യം ബെവ്‌കോ ഓർമിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്നും സമിതി ആവശ്യപ്പെട്ടു.




