വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. മേപ്പടിയിൽ മാത്രം 24 പേർ മരിച്ചു. ഇവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. അതേസമയം, രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ ഇപ്പോഴും തുടരുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട് ഇറക്കി. കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തിക്കാനായിരുന്നു തീരുമാനം. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
രാത്രി രണ്ടു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുമണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾ പൊട്ടലുണ്ടായി. നിരവധി വീടുകൾ അപ്പാടെ ഒലിച്ചു പോയിട്ടുണ്ട്. റോഡുകളും പാലങ്ങളും തകർന്നതു കാരണം പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും എളുപ്പമല്ല.