കുറ്റിപ്പുറം: ഒരു മാസമായി കുടിവെള്ളമില്ലാതെ വലയുകയാണ് എടച്ചലം കുന്നുംപുറം മുതല്‍ കുറ്റിപ്പുറം ബംഗ്‌ളാംകുന്ന് വരെയുള്ള മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങള്‍. താലൂക്ക് ആശുപത്രിപ്പടി-പേരശ്ശന്നൂര്‍ റോഡിലെ കലുങ്ക് നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതോടെയാണ് മുള്ളൂര്‍ക്കടവ് ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നത്.
തകര്‍ന്ന പൈപ്പുകള്‍ ജലവിതരണത്തിന്റെ ചുമതലയുള്ള സ്‌കീം ലെവല്‍ ആക്ടിവിറ്റി കമ്മിറ്റി (എസ്.എല്‍.എ.സി.) ശരിയാക്കിയെങ്കിലും പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കാത്തതുമൂലം ജലവിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതുവഴി ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയൂ.നിലവിലെ സാഹചര്യത്തില്‍ ജലവിതരണം നടത്തിയാല്‍ പൈപ്പുകള്‍ പൊട്ടുമെന്നതിനാലാണ് ജലവിതരണം പുനഃസ്ഥാപിക്കാത്തത്. മറ്റേതെങ്കിലും സംവിധാനമുപയോഗിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എസ്.എല്‍.എ.സി.