തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് കാർ തട്ടിയെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനിയാണ് കാർ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പ്രതി കാർ ബുക്ക് ചെയ്തത്. സുഹൃത്ത് ഒപ്പം വരാനുണ്ടെന്നും കുറച്ചുസമയം കാത്തുനിൽക്കണമെന്നും പറഞ്ഞ് ഡ്രൈവറെ വിശ്വസിപ്പിച്ചു.
തുടർന്ന് പെരുമാതുറ ഭാഗത്ത് കാർ നിർത്തിയ ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് പ്രതി കാറുമായി കടന്നുകളഞ്ഞത്. ഉടൻതന്നെ ഡ്രൈവർ കഠിനംകുളം പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ വർക്കല ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തി. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളയാളാണ് സുഹൈൽ. ആറ് മാസത്തെ ജയിൽവാസവും ഇയാൾ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ മറ്റൊരു സംഭവത്തിൽ മൂന്ന് പേരെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി ഇയാൾക്കെതിരെ പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് യൂബർ കാർ തട്ടിയെടുത്തത്.
തിരുവനന്തപുരം റൂറൽ പൊലീസ് പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.




