കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര കൗൺസിലറായ മായ രാഹുൽ ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ മായാ രാഹുലിന് 16 വോട്ടും എതിർ സ്ഥാനാർഥി റിയ ചീരാങ്കുഴിക്ക് 10 വോട്ടും ലഭിച്ചു. വിമത കൗൺസിലറായ ലിസിക്കുട്ടി കോൺഗ്രസ് സ്ഥാനാർഥി റിയ ചീരാങ്കുഴിക്കാണ് വോട്ട് ചെയ്തത്.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായ രാഹുൽ, 12 എൽഡിഎഫ് കൗൺസിലർമാരുടെയും മൂന്ന് കോൺഗ്രസ് വിമതരുടെയും പിന്തുണ നേടിയാണ് ചെയർപേഴ്‌സണായത്. വിജയത്തിന് പിന്നാലെ ‘നന്മയുടെ വിജയം’ എന്നാണ് മായ രാഹുൽ പ്രതികരിച്ചത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാലാ നഗരസഭയിൽ മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായതോടെയാണ് പുതിയ ചെയർപേഴ്‌സണെ തെരഞ്ഞെടുക്കേണ്ടി വന്നത്. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലാ നഗരസഭയിൽ എൽഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അഞ്ച് യുഡിഎഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും മായ രാഹുലും എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.
പാലാ നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കകണ്ടവും മകൾ ദിയ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് ആദ്യ ടേമിൽ ചെയർപേഴ്‌സൺ സ്ഥാനം ദിയ ബിനു പുളിക്കകണ്ടത്തിന് നൽകുകയായിരുന്നു. എന്നാൽ ആറ് മാസം മാത്രമാണ് യുഡിഎഫ് ഭരണത്തിന് ആയുസുണ്ടായത്.




