അങ്ങാടിപ്പുറം പരിയാപുരത്ത് മില്ലുംപടിയില്‍ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം 72 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന വീടിന്റെ ഗേറ്റിന് മുന്‍വശത്തെ ജാറത്തിന്റെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു തകര്‍ത്താണ് പണം മോഷ്ടിച്ചത്. അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മാസങ്ങളായി മോഷ്ടാക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ആഴ്ചകള്‍ക്ക് മുന്‍പ് 72 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ മോഷണം നടന്ന പുതുപറമ്പില്‍ സിബിയുടെ വീടിനു മുന്‍വശത്താണ് മീറ്ററുകള്‍ അകലെ പുതിയ മോഷണം. വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.
കഴിഞ്ഞ മാസം അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഓഫിസില്‍ മോഷണം നടന്നിരുന്നു. ഈ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പ്രദേശത്തെ ചില വീടുകളിലും മോഷണ ശ്രമം ഉണ്ടായി. പരിയാപുരത്തെ വീട്ടില്‍ മോഷണം നടന്നതിന്റെ അടുത്ത ദിവസം മഖാമിലെ നേര്‍ച്ചപ്പെട്ടിയിലെ പണം ഭാരവാഹികള്‍ എടുത്തു മാറ്റിയിരുന്നു. അതിനു ശേഷമുള്ള പണമേ നേര്‍ച്ചപ്പെട്ടിയിലുള്ളൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ ജാറത്തിലേക്ക് എത്തിയ വിശ്വാസികളാണ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
മുന്‍പും ജാറത്തിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു പൊളിച്ച് മോഷണം നടന്നിരുന്നു. പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തി. അങ്ങാടിപ്പുറത്തും പരിയാപുരത്തും മുന്‍പ് നടന്ന പല മോഷണങ്ങളിലും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.