കണ്ണൂർ: ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകും. ന്യൂമാഹിക്ക് സമീപം പെരിങ്ങാടിയിൽ വച്ചാണ് മന്ത്രിക്ക് കത്ത് കൈമാറുക.
17കാരനായ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 49 ദിവസം പൂർത്തിയാകുകയാണ്. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട്ടിൽനിന്ന് പോയത്. കാശിയിലേക്ക് പോകുകയാണെന്ന് എഴുതിയ കുറിപ്പും വീട്ടിൽനിന്ന് ലഭിച്ചിരുന്നു.
എന്നാൽ, കേരളത്തിൽ വിവിധയിടങ്ങളിലും വാരണാസിയിലും നടത്തിയ തിരച്ചിലുകൾക്ക് ശേഷവും ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വാരണാസിയിൽ ഒരാഴ്ചയോളം പരിശോധന നടത്തിയ പൊലീസ് സംഘം പിന്നീട് മടങ്ങിയിരുന്നു. മലയാളി അസോസിയേഷൻ പ്രവർത്തകരും അന്വേഷണ സംഘത്തെ സഹായിച്ചിരുന്നു.
ശിവസൂര്യ ഒരു സിസിടിവിയിലും പതിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എല്ലാ സിസിടിവി ദൃശ്യങ്ങളും വീണ്ടും പരിശോധിക്കണമെന്നും കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതാകാമെന്ന സംശയം പരിശോധിക്കണമെന്നും ബന്ധു ബബിജ ആവശ്യപ്പെട്ടു.
കാശിയിലേക്ക് പോകുമെന്ന് ശിവസൂര്യ എഴുതിയ കുറിപ്പ് മറ്റാരുടെയെങ്കിലും പ്രേരണയിലാകാമെന്നും ബബിജ പറഞ്ഞു. ശിവസൂര്യ സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകുന്നയാളല്ലെന്നും അധികം സുഹൃത്തുക്കളുമില്ലെന്നും അവർ വ്യക്തമാക്കി.
എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശിവസൂര്യ പഠനത്തിൽ മിടുക്കനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ സ്വാഭാവികമായി പറഞ്ഞിരുന്ന ചില കാര്യങ്ങൾ ശിവസൂര്യ ഗൗരവമായി എടുത്തതാകാമെന്നും ബന്ധു പറഞ്ഞു.
അതേസമയം, ശിവസൂര്യയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
49 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി ആഭ്യന്തര മന്ത്രിയെ സമീപിക്കുന്നത്.




