വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം എട്ടായി. നിലവിൽ രോഗം സ്ഥിരീകരിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം ക്ലോറിനേഷൻ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വയനാട്ടിൽ കുട്ടികൾക്കിടയിൽ ഷിഗെല്ല പടരുന്നത് കനത്ത ജാഗ്രതയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ 58 കുട്ടികളാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആകെ 443 വിദ്യാർഥികളാണ് സമാനമായ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ ചികിത്സയിലുണ്ടായിരുന്ന 68 പേരിൽ 30 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്.
രോഗം ബാധിച്ച കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ കുടിവെള്ളം വീണ്ടും വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. രോഗം പടരുന്ന പശ്ചാത്തലത്തിൽ കിണറുകളും മറ്റ് ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.




