വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദിനെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 29 വയസ്സാണ്.
കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി ദുബായിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ അധികൃതർ തടഞ്ഞുവെക്കുകയും പാലാരിവട്ടം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് കരിപ്പൂരിലെത്തിയ പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.




