മുംബൈ: രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ക്യാംപയിൻ. ഹിമാലയയുടെ ഉടമ മുസ്ലിമാണെന്നും ഹലാൽ ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്നും അതിനാൽ ബഹിഷ്കരിക്കണം എന്നുമാണ് സംഘ്പരിവാർ ഗ്രൂപ്പുകളുടെ ആഹ്വാനം. ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽമീഡിയകളിലൂടെയാണ് ഹേറ്റ്- ബോയ്ക്കോട്ട് ക്യാംപയിൻ. ബോയ്കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായിരിക്കുകയാണ്.
ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജ്റംഗ് ദൾ തുടങ്ങിയ വിവിധ സംഘ്പരിവാ്ർ- തീവ്ര ഹിന്ദുത്വ സംഘടനകളാണ് വിദ്വേഷ പ്രചരണത്തിന് പിന്നിൽ. ഹിമാലയയുടെ, വിദേശ രാഷ്ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. ഇന്ത്യയിലെ ജിഹാദ് പ്രവർത്തനങ്ങൾക്ക് പണമൊഴുക്കുന്നത് ഹിമാലയ കമ്പനിയാണെന്നും കോടികളാണ് ഓരോ വർഷവും ഹിമാലയ കമ്പനി അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത് എന്നും സംഘ്പരിവാർ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണമുണ്ട്.