മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് പുറത്തിറങ്ങും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസര്‍ ലോഞ്ച്. ആശിര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ ദിവസം തന്നെ ടീസര്‍ ലോഞ്ചിന് തിരഞ്ഞെടുത്തിരിക്കുന്നത്.
2019 ല്‍ തിയേറ്ററുകളില്‍ എത്തിയ ലൂസിഫറിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരന്‍ അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ് എന്നിവരാണ്.
2000 ജനുവരി 26ന് ആയിരുന്നു 25ാം വാര്‍ഷികം ആഘോഷിക്കുന്ന ആശിര്‍വാദ് സിനിമാസ് നരസിംഹം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ 25 വര്‍ഷം പിന്നിടുമ്പോള്‍ മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ എമ്പുരാന്‍ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.