തലസ്ഥാന നഗരിയിൽ കാലവർഷത്തിന്റെ വരവറിയിച്ച് മഴ ശക്തമായെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും താളംതെറ്റിയ നിലയിൽ. നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് വീണ്ടും മാലിന്യക്കൂമ്പാരമായി മാറിയിട്ടും കോർപ്പറേഷൻ ഭരണസമിതി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. തോട് കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായതോടെ നഗരവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
മാലിന്യം കെട്ടിക്കിടക്കുന്നു; ദുരിതത്തിലായി ജനങ്ങൾ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, വഞ്ചിയൂർ, പാറ്റൂർ തുടങ്ങി ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. മഴ ശക്തമായതോടെ ഈ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പകർച്ചവ്യാധി ഭീഷണിയും കൊതുകുശല്യവും ഇരട്ടിയായിട്ടുണ്ട്. രാത്രികാലങ്ങളിൽ മറ്റിടങ്ങളിൽ നിന്നും വൻതോതിൽ മാലിന്യങ്ങൾ എത്തിച്ച് ഈ തോട്ടിലേക്ക് തള്ളുന്നതായും സമീപവാസികൾ ആരോപിക്കുന്നു.
തകരുന്ന സംരക്ഷണഭിത്തികൾ; അപകടഭീഷണി: മഴക്കാലമെത്തിയിട്ടും തോട് ശുചീകരിക്കാനോ തകർന്ന ഭിത്തികൾ കെട്ടി സംരക്ഷിക്കാനോ കോർപറേഷൻ തയ്യാറാകാത്തത് വലിയ അപകടത്തിന് കാരണമാകുമെന്ന് ജനപ്രതിനിധികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തോടിനോടു ചേർന്നുള്ള ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞുതാഴുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. തമ്പാനൂരിന് സമീപം പുതുതായി നിർമിച്ച ഒരു വീട് ഏതുനിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന നിലയിൽ അപകടാവസ്ഥയിലാണ്. മുൻപ് മാലിന്യം തള്ളുന്നത് തടയാനായി സ്ഥാപിച്ച ഇരുമ്പുമറയടക്കം ഇപ്പോൾ തോട്ടിലേക്ക് തകർന്നുവീണ നിലയിലാണ് കിടക്കുന്നത്.
അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം: മുൻവർഷങ്ങളിൽ മഴക്കാലത്തിന് മുൻപേ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാറുണ്ടായിരുന്നു എന്ന് നഗരവാസികൾ ഓർമ്മിപ്പിക്കുന്നു. ഇത്തവണ കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കാനും, തോട് യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിക്കാനും കോർപ്പറേഷൻ തയ്യാറാകണമെന്നാണ് തലസ്ഥാനവാസികളുടെ ശക്തമായ ആവശ്യം.




