അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന എസ്എൻഡിപി യോഗം മുഖപത്രം ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും കെ.സി വേണുഗോപാൽ കൊച്ചിയിൽ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
- വർഗീയത പടർത്തുന്നവർക്കുള്ള മണ്ണല്ല ഇത്: ‘മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദം മാനേജിംഗ് എഡിറ്റർ വെള്ളാപ്പള്ളി നടേശൻ എഴുതിയ എഡിറ്റോറിയലാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് ശക്തമായ ഭാഷയിലാണ് കെ.സി വേണുഗോപാൽ മറുപടി നൽകിയത്. വർഗീയത പടർത്തുന്നവർക്കുള്ള മണ്ണല്ല കേരളമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫിന്റെ ഏറ്റവും മികച്ച ടീമാണ് നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. പ്രഗത്ഭരായ മന്ത്രിമാരാണ് വരുന്നത്. നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കുമെന്നും ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- ചെന്നിത്തലയുടെ വരവും ആലപ്പുഴയുടെ പ്രാതിനിധ്യവും: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നുവെന്നും അതനുസരിച്ചാണ് അദ്ദേഹം എത്തിയതെന്നും വേണുഗോപാൽ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും. ആലപ്പുഴയ്ക്ക് മുൻപ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക എന്നതാണ് തന്റെ പ്രധാന റോളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായോ എന്ന ചോദ്യത്തിന് നഷ്ടങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി.
- വിവാദമായി യോഗനാദം എഡിറ്റോറിയൽ: മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളിൽ നിന്നും മനസ്സിലാകുമെന്നാണ് വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ ആരോപിച്ചത്. യുഡിഎഫ് അധികാരം ഉറപ്പിച്ചതിന് പിന്നാലെ ലീഗിനെ ലക്ഷ്യമിട്ട് എസ്എൻഡിപി മുഖപത്രം രംഗത്തെത്തിയത് മുന്നണിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനെതിരെയാണ് കോൺഗ്രസ് ഇപ്പോൾ പരസ്യ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.




