തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയത്.
തിരുവോണ ദിവസമായ 26ന് 10,000 പേർക്ക് തിരുവോണസദ്യ നൽകും. അന്നലക്ഷ്മി ഹാളിലും ഇതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് ഒരുക്കുക. രാവിലെ ഒമ്പതിന് സദ്യ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് സദ്യയുടെ വരി അവസാനിപ്പിച്ച് തുടർന്ന് ബുഫേ സംവിധാനവും ഉണ്ടാകും.
കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ തുടങ്ങിയ വിഭവങ്ങളാണ് സദ്യയിലുണ്ടാകുക.
25ന് ഉത്രാടക്കാഴ്ച ശീവേലിക്ക് ശേഷം കാഴ്ചക്കുല സമർപ്പണം നടക്കും. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാകും. കാഴ്ചക്കുല സമർപ്പിക്കാനെത്തുന്നവർക്കായി പ്രത്യേക നിരയും ഒരുക്കും.
തിരുവോണ ദിവസം പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. രാവിലെ കൊമ്പൻ ബൽറാമും ഉച്ചകഴിഞ്ഞ് ഇന്ദ്രസെനും രാത്രിയിൽ രാജശേഖരനും കോലമേറും.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഉത്രാടം മുതൽ ചതയം വരെ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി.ഐ.പി ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് ദർശനം ഉറപ്പാക്കുന്നതിനായി ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്.
സാധാരണ രാവിലെ നാലരയ്ക്ക് തുറക്കുന്ന ക്ഷേത്രനട ഈ ദിവസങ്ങളിൽ പുലർച്ചെ മൂന്നരയ്ക്ക് തുറക്കും.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, എ.യു. ഷിനിജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




