ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാനും ജനങ്ങൾക്കിടയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
എംഎൽഎമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാതെ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് വിസികെ എംഎൽഎ ജോതിമണി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പുതിയ പദ്ധതിയുടെ ഭാഗമായി ഓരോ എംഎൽഎയ്ക്കും 75,000 രൂപ അലവൻസും ലഭിക്കും. ഡ്രൈവറുടെ ശമ്പളത്തിനും വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കുമാണ് ഈ തുക വിനിയോഗിക്കുക. കൂടാതെ ഓരോ എംഎൽഎ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി മാസം 25,000 രൂപയും സർക്കാർ അനുവദിക്കും.
മുനിസിപ്പൽ, യൂണിയൻ ചെയർപേഴ്സൺമാർക്കും മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭിക്കുമ്പോൾ എംഎൽഎമാർക്ക് സമാനമായ സൗകര്യം ലഭിക്കുന്നില്ലെന്ന് ജോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് സർക്കാർ നടപടി പ്രഖ്യാപിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഇത്തരം ആവശ്യങ്ങൾ നിരാകരിച്ചിരുന്നുവെന്നും മുതിർന്ന ഡിഎംകെ എംഎൽഎ അഭിപ്രായപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെടാൻ വാഹന സൗകര്യത്തിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും എംഎൽഎമാർക്കിടയിൽ ഉണ്ടായിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു ഗാനം ആലപിച്ചാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. നടനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആർ അഭിനയിച്ച ‘കൊടുത്തതെല്ലാം കൊടുത്താൻ’ എന്ന ഗാനമാണ് എംഎൽഎ പാടിയത്.
അതേസമയം, സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാർ പ്രഖ്യാപനം നടത്തി. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ആകെ 6,098 അധിക സീറ്റുകളാണ് പ്രഖ്യാപിച്ചത്. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലെ സീറ്റുകളും ഇതിൽ ഉൾപ്പെടും.
കൂടാതെ സംസ്ഥാനത്ത് പുതിയ ഏഴ് നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.




