വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. അഞ്ച് വയസുകാരനായ പ്രണയ് തേജാണ് മരിച്ചത്. അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വൺ-ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗൺ കോത്തറോഡ് പ്രദേശത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നും അധ്യാപിക തല്ലുമെന്നും കുട്ടി രാവിലെ വീട്ടിൽ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. സ്കൂളിൽ പോകാനും കുട്ടി മടി കാണിച്ചിരുന്നു. എന്നാൽ ഇത് വീട്ടുകാർ കാര്യമായി എടുത്തിരുന്നില്ല.
സ്കൂളിലെത്തിയ ശേഷം കുട്ടി വിഷണ്ണനായിരുന്നുവെന്നും മറ്റ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും സഹപാഠികളും അധ്യാപകരും പറയുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി ക്ലാസിൽ കുഴഞ്ഞുവീണത്.
തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെയാണ് അധ്യാപിക കുട്ടിയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്.
അധ്യാപികയുടെ പെരുമാറ്റവും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉൾപ്പെടെ വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.




