കോട്ടയം: ഇൻസ്റ്റഗ്രാമിലെ വൈറൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു അന്ത്യം. ചെറുമകൾ ഗോപികയാണ് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം അറിയിച്ചത്.
106-ാം വയസിലും കൊച്ചുമക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് സജീവമായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിലെ അനുഭവങ്ങളും കഥകളും പഴഞ്ചൊല്ലുകളും ഗുണപാഠങ്ങളുമെല്ലാം കട്ടിലിൽ കിടന്ന് രസകരമായി പറഞ്ഞുതരുന്ന അമ്മൂമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ടായിരുന്നു.
കോട്ടയം അയ്മനത്തെ ജീവിതവിശേഷങ്ങളും സ്കൂളിൽ പോയിരുന്ന കാലത്തെ ഓർമകളും പ്രണയകാലത്തെ അനുഭവങ്ങളുമെല്ലാം അമ്മുക്കുട്ടി അമ്മൂമ്മയുടെ സംസാരത്തിലൂടെ മലയാളികൾ കേട്ടറിഞ്ഞു. ചെറുമകൾ ഗോപികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മൂമ്മ മലയാളികൾക്കിടയിൽ ശ്രദ്ധേയയായത്.
കടുത്ത മോഹൻലാൽ ആരാധികയായിരുന്ന അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് നടനെ നേരിൽ കാണണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. മോഹൻലാൽ അമ്മൂമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ച ദൃശ്യങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സ്വന്തമായൊരു ഇടം നേടിയ അമ്മുക്കുട്ടി അമ്മൂമ്മയുടെ വിയോഗം ആരാധകരിലും വലിയ ദുഃഖമാണ് ഉണ്ടാക്കുന്നത്.




