പൊന്നാനി: പൊന്നാനി തുറമുഖത്തു നിന്ന് കോടികൾ വിലവരുന്ന 30000 ടൺ മണൽ കാണാതായ സംഭവം പൊന്നാനി എംഎൽഎ നിയമസഭയിൽ ഉന്നയിക്കുവാൻ താല്പര്യം കാണിക്കാത്തത് കുറ്റക്കാരെ സംരക്ഷിക്കുവാനാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു.സർക്കാരിന് വൻ നഷ്ടം വരുത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ എംഎൽഎ മൗനം അവലംബിക്കുന്നതിലെ ദുരൂഹത മാറ്റണമെന്നും, പോലീസിൻ്റെയും, തുറമുഖ വകുപ്പിനെയും അനുമതിയില്ലാതെ മണൽ എവിടെപ്പോയി എന്നത് ജനങ്ങൾക്കറിയുവാനുള്ള അവകാശത്തെയാണ് എംഎൽഎ അട്ടിമറിക്കുന്നതെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ച യോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വി സയ്ദ് മുഹമ്മദ് തങ്ങൾ, അഡ്വ എൻ എ ജോസഫ്,ടി കെ അഷ്റഫ്, എ പവിത്രകുമാർ, എൻ പി സേതുമാധവൻ,കെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.