മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പൂര്‍ത്തിയായി. ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് പാണക്കാട് ജുമാ മസ്ജിദില്‍ വെച്ചായിരുന്നു ഖബറടക്കം. അര്‍ധരാത്രിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി എത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാണക്കാട്ടെ വസതിയില്‍ എത്തിച്ച മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചു. അര്‍ധരാത്രി പന്ത്രണ്ടരയോടെ പൊതുദര്‍ശനം അവസാനിപ്പിച്ചു. ശേഷം ഖബറടക്കുകയായിരുന്നു. അനിയന്ത്രിതമായ ജനപ്രവാഹത്തെ തുടര്‍ന്നാണ് മുന്‍നിശ്ചയിച്ചതിലും നേരത്തെ ഖബറടക്കിയതെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്.മുസ്ലീം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹീക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പാണക്കാട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു പാണക്കാട് ഹെദരലി ശിഹാബ് തങ്ങള്‍.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയായിരുന്നു തങ്ങള്‍.