തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ. കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ടതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്പാകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു.
പതിനാറുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ തമിഴ്നാട്ടിലെ ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ഗുഡുവാഞ്ചേരിയിലെ സ്പായിൽ എത്തിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് പരിശോധന നടത്തുന്നതിനായി പൊലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനായി ഗുഡുവാഞ്ചേരി പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതി തേടിയിട്ടുണ്ട്.
അതിനിടെ, അന്വേഷണ പുരോഗതി വിലയിരുത്താൻ അന്വേഷണസംഘം ഇന്ന് യോഗം ചേരും. കേസിൽ റിമാൻഡിലുള്ള സ്പാ ഉടമയും നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
അനുരൂപിന്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായും ഇവയിലൂടെ വലിയ തോതിൽ പണം എത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിന്റെ ഉറവിടവും ഇടപാടുകളുടെ സ്വഭാവവും സ്പാ ശൃംഖലയുമായുള്ള ബന്ധവും പരിശോധിക്കും.
സ്പായിലെത്തിയ യുവതികളെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ഇടപാടുകാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവരുടെ ജി പേ ഇടപാട് വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സൈബർ സംഘത്തിന് കൈമാറിയിട്ടുണ്ട്. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയിക്കുന്നവരെ തിരിച്ചറിയാനാണ് നീക്കം.
അതിജീവിതയുടെ മൊഴിയുടെയും തിരിച്ചറിയൽ നടപടികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നതിനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.




